ആലിൻ ഷെറിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി


കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ പോസ്റ്റ്മോർട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂർത്തിയായി.

ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച നടപടികള്‍ അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
കൊച്ചി അമൃത ആശുപത്രിയില്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറൻസിക് വിഭാഗത്തില്‍ എത്തിച്ചത്. ഡോ. രോഹിത് കെ.യുടെ നേതൃത്വത്തില്‍ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഈ മാസം അഞ്ചാം തീയതി എം.സി. റോഡില്‍ കോട്ടയം പള്ളത്തിന് സമീപമായിരുന്നു കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ദിശതെറ്റിയെത്തിയ മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആലിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ അമ്മയ്ക്കും മാതാപിതാക്കള്‍ക്കും പരിക്കേറ്റിരുന്നെങ്കിലും അത് ഗുരുതരമായിരുന്നില്ല.
ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നില വഷളായതിനെത്തുടർന്നാണ് ആലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. വേർപാടിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നല്‍കിയ ആലിൻ്റെ തീരുമാനം നാടിന് വിങ്ങുന്ന ഓർമ്മയാവുകയാണ്.

Post a Comment

Previous Post Next Post