കണ്ണൂരിൽ പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി


കണ്ണൂർ: സംസ്ഥാനത്ത് നിലവില്‍ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന നിലയിലാണ്.ഈ മാസം രണ്ടാം തീയ്യതി കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അതോടൊപ്പം പല ജില്ലകളിലും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളില്‍ രാത്രികാല താപനിലയും കൂടുതലായിരുന്നു.
ഭൗമ താപനിലയിലെ വർധനയ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എല്‍ നിനോ' പ്രതിഭാസം കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്.
ആരോഗ്യം ശ്രദ്ധിക്കണം
ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉയർന്ന താപനിലയും ഈർപ്പവും കാരണം ശരീരത്തില്‍ ജലക്ഷയം, ക്ഷീണം, സൂര്യാതപം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാല്‍ ദിവസവും മതിയായ അളവില്‍ വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ദാഹം തോന്നുന്നതിന് മുൻപേ തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.ചൂട് കാലത്ത് ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണകൂടിയതും മസാലയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങള്‍ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

Post a Comment

Previous Post Next Post