ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാൻ കേന്ദ്രം


രാജ്യത്ത് പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലർത്തിയ ഇന്ധനം (E20) വിതരണം ചെയ്യുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതുസംബന്ധിച്ച നിർദേശം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണക്കമ്പനികള്‍ക്ക് കൈമാറി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പുതിയ നിർദേശപ്രകാരം ഇന്ധനത്തിന്റെ മിനിമം റിസർച്ച്‌ ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണം. 2026 ഏപ്രില്‍ ഒന്നിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇ20 ഇന്ധന വിതരണം പൂർണ്ണതോതില്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രദേശങ്ങള്‍ക്ക് പരിമിതമായ കാലത്തേക്ക് മാത്രം ഇളവുകള്‍ അനുവദിച്ചേക്കാം.
കാർഷിക വിളകളില്‍ നിന്നുള്ള എഥനോളിന് ഡിമാൻഡ് വർധിക്കുന്നത് വഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്പെസിഫിക്കേഷനുകള്‍ക്കനുസരിച്ചുള്ള ഗുണമേന്മ ഉറപ്പുവരുത്തി വേണം ഇന്ധനം വിതരണം ചെയ്യാൻ എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post