തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിന് പൂർണ പിന്തുണയുമായി സിപിഎം.പണിമുടക്ക് സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പ്രധാന തൊഴിലാളി സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടിയാകുമ്പോള്‍ കേരളത്തില്‍ പണിമുടക്ക് ബന്ദായി മാറിയേക്കും.
രാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തീവ്രസ്വകാര്യവല്‍ക്കരണത്തിന് തടയിടുക, സാമൂഹ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് പണിമുടക്ക്. പണിമുടക്കിൻ്റെ സമ്പൂർണ വിജയം ഉറപ്പാക്കാൻ ഓരോ പാർട്ടി അംഗവും അവരുടെ പ്രവർത്തനമേഖലയില്‍ സജീവമായി ഇടപെടണമെന്നും എംഎ ബേബി ആഹ്വാനം ചെയ്തു.
'പരമാവധി ജനങ്ങളെ സംഘടിപ്പിക്കണം. കോർപ്പറേറ്റ് കൊള്ളലാഭത്തിൻ്റെ അള്‍ത്താരയില്‍ പൊരുതിനേടിയ അവകാശങ്ങളെ അടിയറവ് വെയ്‌ക്കില്ലെന്ന അധ്വാനജനവിഭാഗത്തിൻ്റെ പ്രഖ്യാപനമായി പണിമുടക്ക് മാറും' എംഎ ബേബി പറഞ്ഞു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകള്‍ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പനയും ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുൻനിർത്തിയാണ് ദേശീയ പണിമുടക്ക്.
Post a Comment