മരുന്ന് വാങ്ങുമ്പോള്‍ അതിന്റെ പാക്കറ്റില്‍ വ്യത്യസ്തമായ മാർക്കുകള്‍, ലേബലുകള്‍ തുടങ്ങിയവ ശ്രദ്ധിച്ചിട്ടുണ്ടോ?
നമ്മള്‍ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ പാക്കറ്റിലെ അക്ഷരങ്ങള്‍ക്കോ മറ്റ് അടയാളങ്ങള്‍ക്കോ പലപ്പോഴും വലിയ പ്രാധാന്യം നല്‍കാറില്ലെങ്കിലും ഈ അടയാളങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലൊന്നാണ് മരുന്ന് സ്ട്രിപ്പുകള്‍ക്ക് മുകളിലെ ചുവന്ന വര.
മരുന്ന് സ്ട്രിപ്പുകള്‍ക്ക് കുറുകെ ലംബമായി കാണുന്ന ചുവന്ന വര കേവലം ഒരു ഡിസൈൻ അല്ല, മറിച്ച് രോഗികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് ചിഹ്നമാണ്. ഇന്ത്യയില്‍ 'റെഡ് ലൈൻ ക്യാമ്പയിൻ' എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കേണ്ട മരുന്നുകളും അല്ലാത്തവയും തമ്മില്‍ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഈ നിറം നല്‍കിയിരിക്കുന്നത്.മരുന്ന് പാക്കറ്റില്‍ ചുവന്ന വര ഉണ്ടെങ്കില്‍ അത് അർഥമാക്കുന്നത്, ആ മരുന്ന് ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകള്‍ വില്‍ക്കാൻ പാടില്ല എന്നാണ്. പ്രധാനമായും ആന്റിബയോട്ടിക്കുകള്‍, ഉയർന്ന വീര്യമുള്ള വേദനസംഹാരികള്‍, ഉറക്കഗുളികകള്‍, സൈക്കോട്രോപിക് മരുന്നുകള്‍ എന്നിവയുടെ സ്ട്രിപ്പുകളിലാണ് ഈ വര കാണപ്പെടുന്നത്. ഇത്തരം മരുന്നുകള്‍ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ശരീരത്തിന് വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാലുടൻ മെഡിക്കല്‍ സ്റ്റോറില്‍ പോയി സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങി കഴിക്കുന്ന ശീലം നമ്മുടെ ഇടയില്‍ വ്യാപകമാണ്. ഈ പ്രവണതയ്ക്ക് തടയിടുകയും സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കുകയുമാണ് ഈ വരയുടെ പ്രാഥമിക ലക്ഷ്യം.
ആഗോളതലത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ 'ആന്റിമൈക്രോബയല്‍ റെസിസ്റ്റൻസ്' തടയുന്നതില്‍ ഈ ചുവന്ന വരയ്ക്ക് വലിയ പങ്കുണ്ട്. ഒരു ചെറിയ അസുഖത്തിന് പോലും അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍, നമ്മുടെ ശരീരത്തിലെ രോഗാണുക്കള്‍ ആ മരുന്നിനെ അതിജീവിക്കാൻ പഠിക്കുന്നു. പിന്നീട് ഗുരുതരമായ രോഗബാധ ഉണ്ടാകുമ്പോള്‍ അതേ മരുന്ന് കഴിച്ചാലും രോഗം ഭേദമാകാത്ത അവസ്ഥ ഇത് സംജാതമാക്കുന്നു. ഇത്തരം മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം വഴി ഭാവിയില്‍ സാധാരണ പനിയും മുറിവുകളും പോലും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം എന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Post a Comment