ഇപ്പോള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍?; വരുമാനത്തില്‍ റിക്കാര്‍ഡിട്ട് കെഎസ്‌ആര്‍ടിസി; സന്തോഷമറിയിച്ച്‌ മന്ത്രി


തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി).

ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു.ജനുവരി അഞ്ചിനാണ് കെഎസ്‌ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്‌ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?. ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഈ നേട്ടത്തില്‍ നമ്മള്‍ക്ക് അഭിമാനിക്കാം..നമ്മള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി കെഎസ്‌ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്‌ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മള്‍ക്ക് കഴിയും, നിങ്ങള്‍ കൂടെ നിന്നാല്‍ മതി.
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്‌ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)കെഎസ്‌ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്‌ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്‌ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്‌ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്‌ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്‌ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്‌ആർടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച്‌ പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

Post a Comment

Previous Post Next Post