തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്‌സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ഫെബ്രുവരി മാസത്തില്‍ 2,500 അഡ്വാൻസ്ഡ് കിറ്റുകളാണ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി വിന്യസിക്കുക.
സ്‌കൂളുകളില്‍ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകള്‍ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതല്‍ പത്താം ക്ലാസിലെ ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം ഉള്‍പ്പെടുത്തിയതോടെ 4 ലക്ഷത്തിലധികം വിദ്യാർഥികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് ഇൻ്റർനെറ്റ് ഓഫ് തിങ്ക്‌സ് (ഐഒടി) അധിഷ്ഠിത ഉപകരണങ്ങള്‍ നിർമിക്കാൻ സഹായിക്കുന്ന പുതിയ കിറ്റുകള്‍ നല്‍കുന്നത്.നിലവിലുള്ള കിറ്റുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ നൂതനമായ സാങ്കേതികവിദ്യയാണ് അഡ്വാൻസ്ഡ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഐഒടി സംവിധാനങ്ങള്‍ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇഎസ്പി - തേർട്ടി റ്റു ഡെവലപ്‌മെൻ്റ് ബോർഡാണ് ഇതിൻ്റെ പ്രധാന ഭാഗം.
സെൻസറുകള്‍: അള്‍ട്രാസോണിക് ഡിസ്റ്റൻസ്, സോയില്‍ മോയിസ്ചർ, പിഐആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങി വിവിധതരം സെൻസറുകള്‍.
റോബോട്ടിക് വാഹനങ്ങള്‍ നിർമിക്കാൻ ഫോർ ഡബ്ലിയു ഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിള്‍ മിനി വാട്ടർ പമ്പ്, റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയണ്‍ ബാറ്ററി പാക്ക്.
പഠനനേട്ടങ്ങള്‍
ഈ കിറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ പാഠപുസ്തക അറിവുകള്‍ക്കപ്പുറം പ്രായോഗികമായ നിരവധി പ്രോജക്റ്റുകള്‍ ചെയ്യാൻ കുട്ടികള്‍ പ്രാപ്തരാകും. പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകള്‍, ചെടികള്‍ക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന 'സ്മാർട്ട്' വടികള്‍.
Post a Comment