അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയില്‍ പിടിയില്‍


തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍.
ആത്മഹത്യ ചെയ്ത ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പൊലീസ് മുംബൈയില്‍ വെച്ച്‌ പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തില്‍ വെച്ച്‌ ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ബുധനാഴ്ച്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്. എല്‍. സജിതയെയും മകള്‍ ഗ്രീമ. എസ്. രാജിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
ആത്മഹത്യക്ക് കാരണം മകളുടെ ഭർത്താവായ ബി.എം. ഉണ്ണികൃഷ്‌ണനാണെന്ന വാട്സാപ്പ് സന്ദേശം സജിത മരിക്കും മുമ്പ് ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. ആറു വർഷത്തെ മാനസികപീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. കേവലം 25 ദിവസം കൂടെ താമസിച്ച്‌ ഉണ്ണികൃഷ്ണൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു സന്ദേശം. ബന്ധുക്കള്‍ക്ക് പുറമെ ശാന്തി ഗാർഡൻസ് റെസിഡൻസ് ഭാരവാഹികളെയും കൗണ്‍സിലർ ഗിരിയെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇവർ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. തുടർന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പൂന്തുറ പൊലീസിലും വിവരം നല്‍കി. പൊലീസ് സംഘമെത്തി വീടിന്‍റെ വാതില്‍ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയില്‍ മരിച്ചുകിടക്കുന്ന അമ്മയെയും മകളെയും കണ്ടെത്തിയത്.

Post a Comment

Previous Post Next Post