മൂന്ന് വയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് പുറത്തെടുത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടര്‍മാര്‍


തളിപ്പറമ്പ് : ടിവി റിമോട്ടിന്റെ ബള്‍ബ് ശ്വാസനാളത്തില്‍ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ പുതുജീവൻ.മാതമംഗലത്തുള്ള മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബാണ് പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ശിശു ശസ്‌ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു.
വളരെ സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയ്ക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുണ്‍ ശബരി നേതൃത്വം നല്‍കിയത്. ഡോ. അനു, ഡോ.നാഗദിവ്യ എന്നിവർ അനസ്തേഷ്യ നല്‍കി. സിസ്റ്റർ ബബിത സഹായിയായി. ശ്വാസതടസ്സ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്കോപ്പിയിലൂടെ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്യുകയും പിറ്റേദിവസം തന്നെ വീട്ടിലേക്ക് വിടുതല്‍ ചെയ്യുകയും ചെയ്തു.കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങള്‍ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തില്‍ കുടുങ്ങി ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചിലവേറിയ നടപടിക്രമമാണ് വളരെ ചുരുങ്ങിയ ചിലവില്‍ ചെയ്തത്. ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നല്‍കിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post