മലിനജലമൊഴുക്കി സോഫ്റ്റ്‌ ഡ്രിങ്ക്സ് നിർമ്മാണ കമ്പനിക്ക് 25000 രൂപ പിഴ

ചപ്പാരപ്പടവ്:  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇളമ്പേരംപാറയിൽ കിൻഫ്രാ കോമ്പൗണ്ടിൽ നടത്തിയ പരിശോധനയിൽ മലിന ജലം ഒഴുക്കി വിട്ടതിനു സോഫ്റ്റ്‌ ഡ്രിങ്ക്സ് നിർമ്മാണ കമ്പനിയായ നാറ്റ ന്യൂട്രിക്കാ കോക്കനട്ട് പ്രോഡക്ടസ് എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഉള്ളിൽ ജെല്ലി കഴുകിയ ശേഷമുള്ള മലിനജലം തറയിൽ കെട്ടി കിടന്നു ഭിത്തി വഴി ലീക്ക് ചെയ്ത് പുറക് വശത്ത് സ്ഥിതി ചെയ്യുന്ന പൊതു റോഡിലെ ചാലിലൂടെ ഒഴുക്കി പോകുന്നതായും പ്രദേശത്ത് വലിയ ദുർഗന്ധം പരത്തുന്നതായും മലിനജലം ചാൽ വഴി പൊതുറോഡിന് വശത്ത് കൂടെ ഒഴുകി താഴെ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിൽ കെട്ടി കിടക്കുന്നതായും വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.കൂടാതെ സ്ഥാപനത്തിന്റെ ഈ. ടി. പി ടാങ്ക് ഓവർഫ്ലോ ചെയ്തു മലിനജലം തത്സമയം ടാങ്കിൽ നിന്ന് പുറംതള്ളുന്നത് സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടു. സ്ഥാപനത്തിന്റെ ഈ. ടി. പി പൂർണമായും പ്രവർത്തന ക്ഷമമായിരുന്നില്ല. സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനു ഉടൻ തന്നെ നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.കിൻഫ്രാ കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇക്കോ സ്റ്റിക്ക്സ് എന്ന സ്ഥാപനത്തിൽ നിന്നും മാലിന്യങ്ങൾ കൂട്ടിയിട്ടത്തിന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ ജി തുടങ്ങിയവർ പങ്കെടുത്തു 

Post a Comment

Previous Post Next Post