ചെറുപുഴ : ഒരേ ദിവസം ജനിച്ച ഇരട്ട സഹോദരികള്‍ക്ക് ഒരേ ദിവസം ഒരേ വകു പ്പില്‍ ഒരേ തസ്‌തികയില്‍ ഒരുമിച്ച് നിയമനം ലഭിച്ചത് കൗതുകമായി.
ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയില്‍ ജോസഫ് - സുനി ജോർജ് ദമ്ബതികളുടെ മക്കളായ സവിത ജോസഫ്, സംഗീത ജോസഫ് എന്നിവർക്കാണ് ഈ അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. ഏറെ പരിമിതികളോടെ പഠിച്ചാണ് ഈ ഇരട്ടകുട്ടികള്‍ ഈ നിലയിലെത്തിയത്. മക്കളുടെ പഠനത്തിനും വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച രക്ഷിതാക്കളുടെ കൂടി വിജയമാണിത്.
സവിതക്ക് ഹോസ്‌ദുർഗ് സബ് കോടതിയിലും സംഗീതയ്ക്ക് ഹോസ്ദുർഗ് മുൻസീഫ് കോടതിയിലും ലാസ്റ്റ് ഗ്രേഡ് സർവന്റായി 22-ാം വയസിലാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇരുവർക്കും നിയമന ഉത്തരവ് ലഭിച്ചത്. ഒരേ ദിവസം തന്നെ രണ്ടുപേരും ജോലിയില്‍ പ്രവേശിക്കും.
കല്ലഞ്ചിറ എഎല്‍പി സ്കൂള്‍, പ്ലാച്ചിക്കര എയുപി സ്കൂള്‍, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം.പിഎസ്‌സി ഉള്‍പ്പെടെ എല്ലാ പരീക്ഷയും സ്ക്രൈബിൻ്റെ സഹായമില്ലാതെയാണ് ഇവർ എഴുതിയത്. പ്ലസ്‌ടുവിനു ശേഷം ആനിമേഷനാണ് പഠിച്ചത്. 'പൊതു സമൂഹത്തില്‍ ഇടപഴകാൻ ശീലിക്കുന്നതോടൊപ്പം എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന ആഗ്രഹമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. സർക്കാർ ജോലി എന്നത് ഞങ്ങളുടെയും അവരുടെയും സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്നും പിതാവ് ജോസഫ് പറഞ്ഞു. നൂറ് കണക്കിന് മോക്ക് ടെസ്റ്റുകള്‍ എഴുതിച്ചും കഠിനാധ്വാനം ചെയ്യിച്ചും അവരെ സ്വപ്‌നങ്ങളിലേക്ക് നടത്തിയത് ബബിൻ എന്ന പരിശീലകനാണെന്നും ജോസഫ് പറഞ്ഞു. മൂന്നുവർഷത്തോളം ഭീമനടിയിലെ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രമായ കാറ്റലിസ്റ്റിലായിരുന്നു പരിശീലനം. കെഎസ്‌ഇബി റിട്ട. സീനിയർ സൂപ്രണ്ടാണ് ജോസഫ്. കല്ലഞ്ചിറ കെ ഐ എ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപികയാണ് സുനി ജോർജ്.
Post a Comment