തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിശ്രുത വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.ഇന്നലെയായിരുന്നു സംഭവം. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്നാണ് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വേറെ വഴിയില്ലായിരുന്നുവെന്നും, തന്റെ ജീവന് ആപത്താണെന്ന് തോന്നിയതുകൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും വരൻ പറയുന്നു.
വർക്കലയ്‌ക്ക് സമീപം കല്ലമ്ബലം സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതി ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. യുവതിയുടെ അമ്മ വാങ്ങിയ പണവും പലിശയും ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ യുവാവിനെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
'ഞാൻ പൈസ വാങ്ങിച്ചെന്നത് സത്യമാണ്. എന്റെ ഭർത്താവ് മരിച്ചതാണ്. പതിനാറിന്റെ അന്ന് ഒരു ലക്ഷം രൂപ ഇട്ടുകൊടുത്തു. പിന്നെ നാല്‍പ്പതിനായിരം കൊടുത്തു. പതിനായിരം രൂപവച്ച് പലിശ കൊടുത്തു. മുതലും പലിശയുമടക്കം തിരിച്ചുകൊടുത്തു. എന്നിട്ടും പല തവണ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തി. പരാതി കൊടുത്തിരുന്നു. ഞാൻ പൊതിച്ചോറ് വിറ്റാണ് ജീവിക്കുന്നത്.
ഒരു വർഷം കൊണ്ട് മോളും പ്രതിശ്രുത വരനും സംസാരിക്കുന്നതാണ്. എൻഗേജ്‌മെന്റ് നല്ല രീതിയില്‍ നടത്തിയതാണ്. അന്നൊന്നും ആരും പ്രശ്നത്തിന് വന്നില്ല. വിവാഹം നടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രശ്നമുണ്ടാക്കിയത്. വിവാഹം മുടങ്ങിയപ്പോള്‍ എന്റെ മോള്‍ ബോധംകെട്ടുവീണു, മേശയ്ക്കകത്തെ ഗുളിക കളിച്ചതാണ്. അപ്പോഴേ ആശുപത്രിയില്‍ കൊണ്ടുപോയി. ഐസിയുവിലാക്കി.'- യുവതിയുടെ അമ്മ പറഞ്ഞു.സംഭവത്തില്‍ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷങ്ങള്‍ക്ക് മുമ്ബാണ് ഒരു ലക്ഷം രൂപ കടം വാങ്ങിയത്. മാസം പതിനായിരം രൂപയാണ് പലിശ വാങ്ങിക്കുന്നതെന്നാണ് വിവരം. അഞ്ച് മാസം മുമ്ബാണ് പ്രതിശ്രുത വധുവിന്റെ പിതാവ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുമായിട്ടാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ജനുവരി ഒന്നിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ ബ്ലേഡ് മാഫിയ കുറച്ച് നാളുകളായി വരന്റെ വീട്ടില്‍ കയറി ചെല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കൂടാതെ വരന്റെ വീടിന്റെ പരിസരത്തെ പല വീടുകളിലും പോയി യുവതിയേയും അമ്മയേയും മോശമായി ചിത്രീകരിച്ചുകൊണ്ട് സംസാരിച്ചു.
വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവാവ് പിന്മാറിയത്. സംഭവത്തില്‍ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.
Post a Comment