സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍.
വികസനം വോട്ടായി മാറി എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നാണ് പൊതു വിലയിരുത്തല്‍.
ഡിസംബർ 9 നും 11 നും രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിധി നാളെ പുറത്ത് വരുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ മണിക്കൂറുകളില്‍ തന്നെ കേരളം എങ്ങോട്ട് എന്നത് സംബന്ധിച്ച കൃത്യമായ ചിത്രം വ്യക്തമാകും.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. തൃശ്ശൂർ മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ വോട്ടായി മാറിയെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യുഡിഎഫും ബിജെപിയും മികച്ച വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ആകില്ലെന്നാണ് പൊതുവിലയിരുത്തല്‍. ബലാത്സംഗ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കോട്ടത്തില്‍ എംഎല്‍എ യെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇക്കാര്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷകരമാകും എന്നാണ് കോണ്‍ഗ്രസ്സിന്റെ തന്നെ വിലയിരുത്തല്‍. മിക്കയിടങ്ങളിലും വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യവും തലവേദനയാകും.
ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോരും കുതികാല്‍ വെട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കും എന്നാണ് കണക്കുകൂട്ടല്‍. നേതാക്കളെ പ്രതിക്കൂട്ടില്‍ നിർത്തിക്കൊണ്ട് പാർട്ടിക്കകത്ത് തുടർച്ചയായി ഉണ്ടാകുന്ന ആത്മഹത്യകളും തെരഞ്ഞെടുപ്പില്‍ ചർച്ചയായിട്ടുണ്ട്. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Post a Comment