മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

മലയാറ്റൂരിലെ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച്‌ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്.കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ്. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സ്‌കൂള്‍ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്. അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തി. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറി. അപ്പോഴും അലന്‍ പിന്തുടര്‍ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു. ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു.
നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും പൊലീസ് സൂചന നല്‍കി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല.

Post a Comment

Previous Post Next Post