മുട്ട കഴിക്കാൻ അല്‍പം പാടുപെടും; വില സര്‍വകാല റെക്കോര്‍ഡില്‍


സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്.നിലവില്‍ 7.50 രൂപയാണ് ഒരു മുട്ടയുടെ വില. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് സൂചന.
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്‍പാദന കേന്ദ്രമാണ് നാമക്കല്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് നാമക്കലില്‍ മുട്ട വില 5.70 രൂപയില്‍ കൂടുന്നത്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്ബോള്‍ 7.50 രൂപയാവും.
നവംബർ ഒന്നിന് നാമക്കലില്‍ 5.40 രൂപയായിരുന്നു മുട്ട വില. എന്നാല്‍ 15ന് 5.90 രൂപയായി. 17-ന് ആറ് രൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വില 6.05 രൂപയായി ഉയർന്നു. അതേസമയം, ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ നാമക്കലില്‍നിന്ന് മുട്ട വാങ്ങാൻ തുടങ്ങി. ഇതും വില കൂടാൻ കാരണമായി. കേരളത്തില്‍ ആവശ്യമായ മുട്ടയുടെ ഭൂരിഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും പ്രകടമാണ്.

Post a Comment

Previous Post Next Post