കോഴിക്കോട്: പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയില്‍ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് എത്തിയ യുവതിയാണ് മോഷണശ്രമം നടത്തിയത്.
സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യില്‍ കരുതിയ മുളക് സ്‌പ്രേ അടിക്കുകയായിരുന്നു.
ആദ്യം പകച്ചുപോയ ഉടമ പിന്നീട് മോഷണശ്രമം ആണെന്ന് മനസ്സിലാക്കി യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതോടെ യുവതി കയ്യില്‍ കരുതിയ മറ്റൊരു കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു. അതിനിടയില്‍ കട ഉടമയുമായി മല്‍പ്പിടിത്തം നടത്തി. അതിനിടയില്‍ ബഹളം കേട്ട് ഓടിയെത്തിയവർ ചേർന്ന് മോഷണ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പെരുവയല്‍ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്.
Post a Comment