എയര്‍ബസ് എ320 സോഫ്റ്റ്‌വെയര്‍ തകരാര്‍: ഇന്ത്യയിലും ആഗോളതലത്തിലും ആയിരക്കണക്കിന് വിമാനങ്ങള്‍ക്ക് സര്‍വീസ് തടസം


ലോകമെമ്ബാടുമുള്ള വ്യോമയാന മേഖലയില്‍ വലിയ തടസങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ ഒരു സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർബസ് എ320 കുടുംബത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് സാങ്കേതിക നിർദ്ദേശവുമായി കമ്ബനി.
ഈ വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ഉടനടി നടത്താനാണ് യൂറോപ്പ് ആസ്ഥാനമായുള്ള എയർബസ് ആവശ്യപ്പെട്ടിരിക്കുന്നത്. എയർബസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളികളില്‍ ഒന്നാണിത്.
വിമാനത്തിന്റെ ഫ്ലൈറ്റ്-കണ്‍ട്രോള്‍ സംവിധാനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ വിവരങ്ങളെ തകരാറിലാക്കാൻ സാധ്യതയുള്ള "തീവ്രമായ സൗരവികിരണ"വുമായി (intense solar radiation) ബന്ധപ്പെട്ട അപകടസാധ്യതയാണ് അടുത്തിടെയുണ്ടായ ഒരപകടത്തെ തുടർന്ന് കണ്ടെത്തിയത്. ഈ നിർദ്ദേശത്തെ തുടർന്ന് ലോകമെമ്ബാടുമുള്ള ഏകദേശം 6,000 എ320 വിമാനങ്ങളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.

മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും
ഇന്ത്യയില്‍ ഇൻഡിഗോ, എയർ ഇന്ത്യ എന്നീ വിമാനക്കമ്ബനികളുടെ 350-ല്‍ അധികം എ320 വിമാനങ്ങളാണ് ഈ പ്രശ്നം കാരണം നിലത്തിറക്കേണ്ടി വരുന്നത്. യൂറോപ്യൻ യൂണിയൻ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നിർദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തുന്നതുവരെ എയർബസ് A320 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ പറത്തരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) വിമാനക്കമ്ബനികള്‍ക്ക് നിർദേശം നല്‍കി.
എയർബസ് A318, A319, A320, A321 വിമാനങ്ങള്‍ക്കാണ് ഡിജിസിഎ സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചത്. അപ്‌ഡേറ്റ് നടപടികള്‍ക്കായി ഈ വിമാനങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് സർവീസ് നിർത്തിവെയ്ക്കും. തിങ്കള്‍ അല്ലെങ്കില്‍ ചൊവ്വാഴ്ചയോടെ സാധാരണ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ വിമാനങ്ങളില്‍ സോഫ്റ്റ്‌വെയർ/ഹാർഡ്‌വെയർ റീഅലൈൻമെന്റ് ആവശ്യമുണ്ടെന്ന് അറിയിക്കുകയും അപ്‌ഡേറ്റ് നടക്കുന്നതിനാല്‍ കൂടുതല്‍ സമയമെടുക്കാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്നും എയർ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. സുരക്ഷക്കാണ് പ്രഥമ സ്ഥാനം എന്ന് വ്യക്തമാക്കിയ ഇൻഡിഗോയും അപ്‌ഡേറ്റ് നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അപ്‌ഡേറ്റ് പൂർത്തിയാക്കാതെ സര്‍വീസ് ഇല്ല
തകരാർ പരിഹരിക്കുന്നത് ലളിതമാണെന്നും പ്രധാനമായും പഴയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് മടങ്ങുന്നതാണ് പരിഹാരമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ അപ്‌ഡേറ്റ് പൂർത്തിയാക്കാതെ വിമാനങ്ങള്‍ക്ക് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ കഴിയില്ല. അറ്റകുറ്റപ്പണികളുടെയും എഞ്ചിൻ പരിശോധനകളുടെയും കാലതാമസവും തൊഴിലാളി ക്ഷാമവും കാരണം നിലവില്‍ സമ്മർദ്ദത്തിലായിരിക്കുന്ന വ്യോമയാന മേഖലക്ക് ഈ വലിയ തിരിച്ചുവിളി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post