ഇടുക്കിയില്‍ കനത്ത മഴ; വാഹനങ്ങള്‍ ഒലിച്ചു പോയി, ഉരുള്‍പൊട്ടിയതായി സംശയം


തൊടുപുഴ: ഇടുക്കിയില്‍ മഴ കനക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചുപോയത്.നെടുങ്കണ്ടം മേഖലയില്‍ മഴ ശക്തമാണ്. രാത്രിയോടെ കനത്തമഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. മേഖലയിലെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഉരുള്‍പൊട്ടിയതായി പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മഴ കനക്കുകയും കല്ലാർ ഡാമിന്റെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്ന് 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടാൻ തുടങ്ങിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വണ്ടിപ്പെരിയാർ കക്കികവലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

കുമളിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തോട് കരകവിഞ്ഞതിനെ തുടർന്ന് വീടുകളില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

Post a Comment

Previous Post Next Post