പുനലൂരില്‍ മൃതദേഹത്തില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു; ജീവനക്കാര്‍ക്കെതിരെ അന്വേഷണം

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി.ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അണ്‍എയ്ഡഡ് സ്കൂള്‍ ജീവനക്കാരിയുമായ കലയനാട് സ്വദേശി ശാലിനിയുടെ മൃതദേഹത്തിലുണ്ടായിരുന്ന 20 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. പാദസ്വരം, കമ്മല്‍, രണ്ട് വള എന്നിവയാണ് മോഷണം പോയവയില്‍ ഉള്‍പ്പെടുന്നത്.
ഭർത്താവ് കൊലപ്പെടുത്തിയ ശാലിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചപ്പോള്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി സ്വർണാഭരണങ്ങള്‍ അഴിച്ചുമാറ്റി കാഷ്വല്‍റ്റി വിഭാഗത്തിലെ ഇഞ്ചക്ഷൻ റൂമിലുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതനുസരിച്ച്‌ സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്ന് ദിവസം മുമ്ബ് ആശുപത്രിയിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ആശുപത്രിയിലെ നഴ്സിങ് വിഭാഗത്തിൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഈ മാസം 8 നും 11 നും ഇടയിലാണ് മോഷണം നടന്നതെന്നും, നഴ്‌സിങ് വിഭാഗത്തിലെ ജീവനക്കാരി നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും പുനലൂർ എസ്.ഐ. എം.എസ്. അനീഷ് അറിയിച്ചു.

Post a Comment

Previous Post Next Post