ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അഞ്ച് വയസ്സു മുതല്‍ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ (Mandatory Biometric Update - MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതല്‍ 7 വരെയും 15 മുതല്‍ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കല്‍ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ നിർദ്ദേശമനുസരിച്ച്‌ 7 വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കും. നവജാത ശിശുക്കള്‍ക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ആധാറിന് എൻറോള്‍ ചെയ്യാം. 0-5 വയസ്സില്‍ ബയോമെട്രിക്സ് ശേഖരിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധുവാകാൻ സാധ്യതയുള്ളതിനാല്‍, സ്‌കോളർഷിപ്പ്, റേഷൻ കാർഡ്, സ്‌കൂള്‍ അഡ്മിഷൻ, NEET, JEE തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് രജിസ്ട്രേഷൻ ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ എല്ലാ കുട്ടികളും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരള സംസ്ഥാന ഐ.ടി. മിഷൻ ഡയറക്ടർ അറിയിച്ചു. കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന ഐ.ടി. മിഷനാണ്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും 1800-4251-1800 / 04712335523 (സിറ്റിസണ്‍ കോള്‍ സെന്റർ) അല്ലെങ്കില്‍ 0471-2525442 (കേരള സംസ്ഥാന ഐ.ടി. മിഷൻ) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post