കണ്ണൂർ: പയ്യാമ്ബലത്തെ ഒരു പരീക്ഷാ സെൻ്ററില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഒരു ഉദ്യോഗാർത്ഥിയെ അറസ്റ്റ് ചെയ്തു.ക്യാമറ ഉപയോഗിച്ചാണ് ഇയാള്‍ കോപ്പിയടിക്ക് ശ്രമിച്ചതെന്ന് പിഎസ്‌സി വിജിലൻസ് വിംഗ് വ്യക്തമാക്കി. എൻ പി മുഹമ്മദ് സഹദിനെയാണ് (29) പിടികൂടിയത്.
പയ്യാമ്ബലം ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. പരീക്ഷ എഴുതിയിരുന്ന ഉദ്യോഗാർത്ഥിയായ എൻ പി മുഹമ്മദ് സഹദിൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍, ഉദ്യോഗാർത്ഥി ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്ക് ശ്രമിച്ചതായി കണ്ടെത്തി. എന്നാല്‍ വിജിലൻസ് സംഘം പിടികൂടിയ ഉടൻ സഹദ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു.
വിവരം അറിഞ്ഞ ഉടൻ ടൗണ്‍ പൊലീസ് ഇടപെടുകയും കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയും ചെയ്യുകയായിരുന്നു.
പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂർ ടൗണ്‍ പൊലീസ് അറിയിച്ചു.
Post a Comment