കോഴിക്കോട്:21 വയസ്സുകാരിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ആയിഷ റഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ അറസ്റ്റില്‍.കണ്ണാടിക്കല്‍ സ്വദേശിയായ ബഷീറുദ്ദീനെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. ആയിഷയെ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ബഷീറുദ്ദീൻ ഉത്തരവാദിയാണെന്ന് സൂചിപ്പിക്കുന്ന ആയിഷയുടെ വാട്സാപ് സന്ദേശങ്ങള്‍ കേസില്‍ നിർണായകമായി.
എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടക വീട്ടില്‍ ആയിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആയിഷയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു, ഇതില്‍ നിന്നാണ് നിർണായക തെളിവുകള്‍ ലഭിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട ബന്ധത്തിനിടെ ഇരുവർക്കും ഇടയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വാട്സാപ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായി. തന്റെ മരണത്തിന് ബഷീറുദ്ദീനാണ് ഉത്തരവാദിയെന്ന് ആയിഷ വ്യക്തമാക്കുന്ന സന്ദേശവും പൊലിസിന് ലഭിച്ചു. ബഷീറുദ്ദീന്റെ ഫോണും ലാപ്ടോപ്പും പൊലിസ് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേർക്കുമെന്ന് പൊലിസ് അറിയിച്ചു. മംഗലൂരുവിലെ ശ്രീദേവി കോളേജില്‍ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ, കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ ബഷീറുദ്ദീനോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് ബഷീറുദ്ദീൻ പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു.
Post a Comment