നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് പിഴ ചുമത്തും;കണ്ണൂര്‍ ജില്ലയില്‍ ഓണക്കാല പരിശോധന ശക്തമാക്കും


കണ്ണൂർ : പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, നിരോധിത പേപ്പർ കപ്പുകള്‍ തുടങ്ങിയവ ഓണവിപണിയില്‍ എത്തുന്നത് തടയാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് നോഡല്‍ ഓഫീസർ കെ.എം.സുനില്‍കുമാർ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച്‌ താല്‍ക്കാലികമായി പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച്‌ സൂക്ഷിക്കാനുള്ള ബിന്നുകള്‍ നിർബന്ധമായും ഒരുക്കണം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ക്യാരിബാഗുകളോ മറ്റ് നിരോധിത ഉല്‍പന്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത്തരം നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുകയോ, സൂക്ഷിക്കുകയോ, കടത്തുകയോ ചെയ്താല്‍ പതിനായിരം രൂപ പിഴ ചുമത്തി ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കും.സ്റ്റേഷനറി ഉല്‍പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് കവറുകള്‍, 300 മില്ലി നിരോധിത വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്താല്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തി കണ്ടു കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി, കടലാസ് സഞ്ചികള്‍, ബയോക്യാരി ബാഗുകള്‍ ഉപയോഗിക്കാം. ഓണാഘോഷത്തോടനുബന്ധിച്ച്‌ പൊതുചടങ്ങുകളില്‍ ഒറ്റത്തവണ ഉപയോഗ പേപ്പർ കപ്പുകള്‍ ഉപയോഗിക്കാൻ പാടില്ല. സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഹരിത പെരുമാറ്റച്ചട്ടത്തിന് വിപരീതമായി ബയോ കപ്പുകള്‍, പ്ലാസ്റ്റിക്ക് പൂക്കള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗവസ്തുക്കള്‍ ഉപയോഗിക്കുന്ന പക്ഷം പിഴ ചുമത്തി നടപടികള്‍ സ്വീകരിക്കും.

Post a Comment

Previous Post Next Post