യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തി; പെണ്‍സുഹൃത്ത് അറസ്റ്റില്‍

കോതമംഗലം: യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തി. മാതിരപ്പിള്ളി മേലേത്ത് മാലില്‍ അലിയാരുടെ മകൻ അന്‍സില്‍ (38) ആണു മരിച്ചത്.
സംഭവത്തില്‍ അന്‍സിലിന്‍റെ പെണ്‍സുഹൃത്തായ പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീന (24) യെ പോലീസ് അറസ്റ്റ് ചെയ്തു.

വിഷം ഉള്ളില്‍ചെന്നു ഗുരുതരാവസ്ഥയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 7.30 നാണു മരിച്ചത്. അഥീന വിഷം നല്‍കിയെന്ന് മരണത്തിനുമുമ്ബ് അന്‍സില്‍ ബന്ധുവിനോട് സൂചിപ്പിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദ്യം വധശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. അന്‍സില്‍ മരിച്ചതോടെ അഥീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ നാലോടെ അഥീനയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീടാണിത്. വിഷം അകത്തുചെന്നശേഷം അന്‍സില്‍ അവശനായതോടെ അഥീനയാണു കോതമംഗലം പോലീസിനെ ആദ്യം വിവരം അറിയിച്ചത്. വീടിനടുത്ത് ഒരാള്‍ വിഷം കഴിച്ചു കിടക്കുന്നുവെന്നായിരുന്നു അഥീന നല്‍കിയ വിവരം.

ഇതിനിടെ അന്‍സിലും പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തു വിവരം അറിയിച്ചിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്‍റെ ബന്ധുക്കളെ അറിയിക്കുകയും ആംബുലന്‍സ് വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലന്‍സില്‍വച്ചാണ് അഥീനയാണു വിഷം നല്‍കിയതെന്ന് അന്‍സില്‍ ബന്ധുവിനോടു പറഞ്ഞത്. ടിപ്പര്‍ ഡ്രൈവറാണ് അന്‍സില്‍.

ഒരു വര്‍ഷം മുമ്ബ് അന്‍സിലിനെതിരേ അഥീന പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദിച്ചുവെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തെങ്കിലും പിന്നീട് അഥീന പരാതി പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം നല്‍കേണ്ട പണം അന്‍സില്‍ നല്‍കാതിരുന്നത് അഥീനയെ പ്രകോപിപ്പിച്ചതായാണു സംശയം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്‍സിലിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: സഫ്ന. മക്കള്‍: മുഹമ്മദ് റാബിഹ്, റാബി.

Post a Comment

Previous Post Next Post