സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടി കൂടിയത് സംശയാസ്പദമായ 4513 ലിറ്റര്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ വീണ്ടും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന.
ഏഴ് ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റർ, ഇടുക്കി 107 ലിറ്റർ, തൃശൂർ 630 ലിറ്റർ, പാലക്കാട് 988 ലിറ്റർ, മലപ്പുറം 1943 ലിറ്റർ, കാസർഗോഡ് 545 ലിറ്റർ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.
മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്ബിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്ബിളുകളും 3 സർവൈലൻസ് സാമ്ബിളുകളും ശേഖരിച്ചു. ശക്തമായ തുടർനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടർന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നര ആഴ്ച മുമ്ബ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടിയിരുന്നു. ഭക്ഷണ വസ്തുക്കളില്‍ മായം ചേർക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്ബരായ 1800 425 1125 ലേക്ക് അറിയിക്കാം.

Post a Comment

Previous Post Next Post