സ്ത്രീകളെ വശീകരിക്കുന്ന 'സൈക്കോ അമ്മാവൻ'; 2.15 ഏക്കറില്‍ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?

ആലപ്പുഴ: കർണാടകത്തിലെ ധർമസ്ഥലയില്‍ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും തുടർന്നുള്ള പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാർത്തകളാണ് ഇപ്പോള്‍ ആലപ്പുഴയില്‍നിന്നും വരുന്നത്.
2006-നും 2025-നുമിടയില്‍ ചേർത്തലയില്‍ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ 
വിരല്‍ചൂണ്ടുന്നത് സെബാസ്റ്റ്യൻ (68) എന്നയാളിലേയ്ക്കാണ്.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച്‌ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്ബിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യൻ പറഞ്ഞയിടങ്ങളിലും കെഡാവർ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന.ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്ബുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറില്‍ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനില്‍ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും ചികഞ്ഞുതുടങ്ങിയത്.

Post a Comment

Previous Post Next Post