ഇരട്ടന്യൂനമര്‍ദം തീവ്രമാകും: അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും ബുധൻ, വെള്ളി ദിവസങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ്.

ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മണിക്കൂറില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കുകിഴക്കൻ രാജസ്ഥാനും വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. മറ്റൊരു ശക്തികൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇവയുടെ പ്രഭാവം മൂലമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും ചൊവ്വാഴ്ചയും മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങള്‍, തെക്കൻ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഇന്ന് മധ്യകിഴക്കൻ അറബിക്കടല്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, തെക്കൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങള്‍, ഗുജറാത്ത് - കൊങ്കണ്‍ - ഗോവ തീരങ്ങള്‍, വടക്കു കിഴക്കൻ അറബിക്കടല്‍, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കൻ ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

Post a Comment

Previous Post Next Post