ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; ഇന്ന് അര്‍ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലേക്ക്

കൊച്ചി: ട്രോളിംഗ് നിരോധനം തീരാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് അർധരാത്രിക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകും.കൊച്ചി, മുരുക്കുംപാടം, മുനമ്ബം, മത്സ്യബന്ധനകേന്ദ്രങ്ങളില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്.

ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളില്‍ മത്സ്യബന്ധന സാമഗ്രികള്‍ കയറ്റുന്ന പണികള്‍ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്.

ബോട്ട് യാഡുകളിലും മറൈൻ വർക്‌ഷോപ്പുകളിലും അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനുക്കുപണികളിലാണ് തൊഴിലാളികള്‍. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ദ്രുതഗതിയില്‍ നടന്നുവരികയാണ്.ഇന്നു മുതല്‍ ബോട്ടുകളില്‍ ഇന്ധനവും നിറച്ചു തുടങ്ങും.

കനത്ത കാലവർഷത്തെ തുടർന്ന് ഇളകിമറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകള്‍ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ, കണവ, കൂന്തല്‍, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സമയത്ത് ധാരാളമായി ലഭിക്കുന്നത്.

കഴിഞ്ഞ സീസണില്‍ അവസാനം ഫിഷിംഗ് മോശമായതോടെ പല ബോട്ടുകള്‍ക്കും വലിയ നഷ്ടമാണുണ്ടായത്. ഇക്കുറി കടലമ്മ കനിഞ്ഞാല്‍ കടമെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.

Post a Comment

Previous Post Next Post