ദുരന്ത ഭീതിയില്‍ കാര്‍ത്തികപുരം ഗവ. വിഎച്ച്‌എസ്‌എസ്

ആലക്കോട്: കണ്ടാലും കൊണ്ടാലും അധികൃതർ പഠിക്കില്ലെന്ന് വ്യക്തം. ആലക്കോട് കാർത്തികപുരം ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അവസ്ഥ കണ്ടാല്‍ ആർക്കും ഇക്കാര്യം വ്യക്തമാകും.2024 ജൂണില്‍ രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞതാണ് സ്‌കൂളിന്‍റെ മുറ്റം. നിലവില്‍ കെട്ടിടം തന്നെ അപകടാവസ്ഥയിലാണ്.

കൊല്ലത്ത് മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ സ്കൂളില്‍നിന്ന് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കേരളം തേങ്ങുമ്ബോള്‍ ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും ഇരട്ടിക്കു കയാണ്. നിരവധി കാല്‍നടയാത്രികരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡില്‍ തന്നെയാണ് ഇപ്പോഴും മുറ്റത്തിന്‍റെ കെട്ടുപൊട്ടിയ കല്ലുകളും മറ്റും കിടക്കുന്നത്.

വർഷം ഒന്നു കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കാതെ വന്നതോടെ ഈ മഴക്കാലത്ത് സ്കൂള്‍ കെട്ടിടം തന്നെ അപകട ഭീഷണിയിലാണ്. മാധ്യമങ്ങള്‍ പലതവണ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടും രക്ഷിതാക്കളും നാട്ടുകാരും പിടിഎയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല.

ആലക്കോട് കാർത്തികപുരം ഗവ. വെക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് കുട്ടികളുടെയും അധ്യാപകരുടെയും അവസ്ഥ ഏറെ ഭീതിപ്പെടുത്തുന്നതാണ്. കഴിഞ്ഞ വർഷം എട്ടു മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ 40 മീറ്റർ നീളത്തിലായിരുന്നു തകർന്നു വീണത്.

ഈ വർഷം മഴ ആരംഭി ച്ചപ്പോള്‍ കെട്ടിന്‍റെ ബാക്കി ഭാഗവും തകർന്ന് ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ കുട്ടികള്‍ ഓടിക്കളിക്കേണ്ട വിസ്തൃതമായ സ്കൂള്‍ മുറ്റം ഇന്ന് ആരും പ്രവേശിക്കാതെ തടഞ്ഞിരിക്കുകയാണ്.

വെള്ളമിറങ്ങി സ്കൂള്‍ മുറ്റമിടിഞ്ഞ് കെട്ടിടം അപകട ഭീഷണിയിലാകുമെന്ന് മനസിലായതോടെ സ്കൂള്‍ അധികാരികള്‍ മുറ്റം മുഴുവൻ സുരക്ഷ യുടെ പേരില്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച്‌ സുരക്ഷാ സിഗ്നല്‍ സ്ഥാപിച്ചിരിക്കുകയാണ്. കുട്ടികള്‍ പ്രവേശിക്കാതിരിക്കാൻ പ്ലാസ്റ്റിക് ചരടും കെട്ടിവച്ചിട്ടുണ്ട്.

സ്‌കൂള്‍ പിടിഎയുടെ ഇടപെടലിനെ തുടർന്ന് പുനർനിർമാണത്തിനായി 90 ലക്ഷം അനുവദിച്ചു എന്നു പറയുന്നുണ്ടെങ്കിലും നാളിതുവരെയായിട്ടും നിർമാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. ഇനിയും ഒരു ദുരന്തത്തിന് കാത്തുനില്ക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Post a Comment

Previous Post Next Post