പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: പഴയങ്ങാടി വേങ്ങര വയലപ്ര ചെമ്ബല്ലിക്കുണ്ട് പുഴയില്‍ കാണാതായ മൂന്ന് വയസുകാരൻ ക്രിഷി വി രാജിന്റെ മൃതദേഹം കണ്ടെത്തി.
റെയില്‍വേ പാലത്തിന് താഴെ പുഴയോട് ചേർന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അമ്മ റീമ മൂന്ന് വയസുകാരൻ മകൻ ക്രിഷിയുമായി പുഴയിലേക്ക് ചാടിയത്. റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെ 8.30-ഓടെ പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അടുത്തില-വയലപ്ര സ്വദേശിനി എം.വി. റീമയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വയലപ്ര യുവജന വായനശാല അങ്കണത്തില്‍ പൊതുദർശനത്തിന് വെച്ച ശേഷം നടക്ക താഴെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് റീമയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കുന്നപ്പട മോഹനന്റെയും എം.വി. രമയുടെയും മകളാണ് റീമ. രമ്യയാണ് ഏക സഹോദരി.ഭർത്താവിന്റെയും മാതാവിന്റെയും പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് റീമ തന്റെ മൊബൈല്‍ സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറെക്കാലം വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷം റീമയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. റീമ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഭർത്താവും മാതാവും മകനെ വിട്ടുതരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് യുവതി കുഞ്ഞുമായി ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

Post a Comment

Previous Post Next Post