ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് 9 മരണം


ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്ന് വീണ് 9 മരണം. വഡോദര-അനന്ദ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകർന്നത്.ഇതോടെ പാലത്തിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ മഹിസാഗർ നദിയിലേക്ക് വീണാണ് ആളുകള്‍ മരിച്ചത്. അപകടത്തില്‍ പെട്ട ചിലരെ രക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന്റെ സ്ലാബ് തകർന്ന് പോകുകയായിരുന്നു. രണ്ട് ട്രക്കുകളും വാനുകളും ഉള്‍പ്പെടെ 5 വാഹനങ്ങളാണ് നദിയിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ട് പിന്നാലെ തന്നെ അഗ്നിശമന സേനയും പ്രാദേശികരും ദുരന്തനിരവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട തിരിച്ചിലിനൊടുവില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേല്‍ പറഞ്ഞു.
1985 ലാണ് ഗംഭിറ പാലം ഉദ്ഘാടനം ചെയ്തത്. 900 മീറ്റർ ആണ് പാലത്തിന്റെ നീളം. സൗരാഷ്ട്ര-വഡോദര മേഖലകളെ ബന്ധിക്കുന്ന പ്രധാന പാലം കൂടിയാണിത്. പാലത്തിന് ആകെ 23 തൂണുകള്‍ ഉണ്ട്. തിരക്ക് കൂടുതല്‍ ഉള്ള പാലമാണിത്. പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഭാരവാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് 2017 ല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് അവസാനമായി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്.

Post a Comment

Previous Post Next Post