ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ പൊലിഞ്ഞത് 72 ജീവനുകള്‍, ഇതുവരെ കാണാതായത് 40 പേരെ

ഹിമാചല്‍ പ്രദേശ് : നിർത്താതെ പെയ്യുന്ന കനത്ത മഴയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇത് വരെ നഷ്ടപ്പെട്ടത് 72 ജീവനുകള്‍ എന്ന് റിപ്പോർട്ട്.

100 ലധികം പേർക്ക് പരിക്കേറ്റതായും, മോശം കാലാവസ്ഥയെ തുടർന്ന് ഇതുവരെ സംസ്ഥാനത്ത് 40 പേരെ കാണാതായതായും റിപ്പോർട്ടുകള്‍ ഉണ്ട്. തുടർച്ചയായ മഴയില്‍ സംസ്ഥാനത്തുടനീളം മേഘവിസ്ഫോടനങ്ങള്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടായിട്ടുണ്ട്. 14 വ്യത്യസ്ത മേഘവിസ്ഫോടനങ്ങള്‍ സംസ്ഥാനത്തെ ബാധിച്ചതായും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാരമായ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു റിപ്പോർട്ട് ചെയ്തു.
സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്ററിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 541 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത് , എന്നാല്‍ യഥാർത്ഥ നഷ്ടം 700 കോടി രൂപയ്ക്ക് അടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, നാശനഷ്ടത്തിന്റെ റിപ്പോർട്ടുകള്‍ പല ഭാഗത്ത് നിന്നായി വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സംസസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികാരികള്‍ കണക്ക് കൂട്ടുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മാണ്ഡി ജില്ലയില്‍ മാത്രം 176 റോഡുകള്‍ അടച്ചു. മിന്നല്‍ വെള്ളപ്പൊക്കത്തില്‍ ആകെ 14 പാലങ്ങള്‍ ഒലിച്ചുപോയി, ഇത് ഗതാഗതത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കൂടുതല്‍ സ്തംഭിപ്പിച്ചു.

Post a Comment

Previous Post Next Post