പാര്‍ക്കിങ് ഫീസ് പ്രതിദിനം 26,261 രൂപ; അറ്റകുറ്റപ്പണി പൂര്‍ത്തിയായ F-35 വിമാനം 22-ന് മടങ്ങും

തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ട് ഒരു മാസം പിന്നിട്ടു.അറബിക്കടലില്‍ ഇന്ത്യൻ നാവികസേനയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനെത്തിയ എച്ച്‌എംഎസ് പ്രിൻസ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
35 ദിവസത്തോളമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് എഫ്-35 ഇവിടെ കുടുങ്ങിയതോടെ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിനാണ്. അറ്റകുറ്റപ്പണിക്കും മറ്റുമായി ഇവിടെ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന് പാർക്കിങ് ഫീ നല്‍കേണ്ടതുണ്ട്. 26,261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാർക്കിങ് ഫീസ്. ഇത്തരത്തില്‍ ജൂണ്‍ 14 മുതല്‍ മുതല്‍ 35 ദിവസത്തേക്ക് ഏകദേശം 9.19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരിക്കുന്നതെന്ന് ഇന്ത്യൻ ഡിഫൻസ് റിസർച്ച്‌ വിങ്ങിനെ (ഐഡിഡബ്ല്യുആർ) ഉദ്ധരിച്ച്‌ സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു.
22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്ബർ ബേയില്‍ സിഐഎസ്‌എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം ഇപ്പോള്‍ വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയർ ഇന്ത്യയുടെ ഹാങ്ങർ യൂണിറ്റിലാണ്. യുദ്ധവിമാനം പരിശോധിക്കാനും അറ്റകുറ്റപ്പണിക്കുമായി ബ്രിട്ടീഷ് റോയല്‍ എയർഫോഴ്സിന്റെ 24 പേരടങ്ങുന്ന വിദഗ്ധസംഘം ജൂലായ് ആറിന് തിരുവനന്തപുരത്തെത്തിയിരുന്നു. ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നത്. പൂർണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. നിലവില്‍ രണ്ടാം ഹാങ്ങറിലുള്ള സുരക്ഷാജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.

Post a Comment

Previous Post Next Post