പാകിസ്താന് വേണ്ടി ചാരവൃത്തി; പഞ്ചാബില്‍ ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍; പഞ്ചാബില്‍ നിന്ന് മാത്രം ഇതുവരെ അറസ്റ്റ് ചെയ്തത് ഏഴ് പേരെ


പഞ്ചാബില്‍ ഒരു യൂട്യൂബർ കൂടി അറസ്റ്റില്‍. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂട്യൂബർ അറസ്റ്റിലായത്.ജാൻ മഹല്‍ എന്ന യൂട്യൂബ് ചാനല്‍ ഉടമ ജസ്ബിർ സിങിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
രൂപ്നഗർ ജില്ലയിലെ മഹ്ലാൻ സ്വദേശിയാണ് ജസ്ബിർ സിങ്. പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷൻസ് സെല്‍ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ ജട്ട് രണ്‍ധാവ എന്നയാളുമായി ജസ്ബിർ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാനയില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ജ്യോതി മല്‍ഹോത്ര ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. ജ്യോതി പഹല്‍ഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പഞ്ചാബില്‍ നിന്ന് മാത്രം ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയവരാണ്.

Post a Comment

Previous Post Next Post