സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം; പൂച്ചയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം


കൊച്ചി: സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തില്‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ് പൂച്ച ചത്തത്. സെഡേഷൻ നല്‍കിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നേരത്തെയുണ്ടായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്ത് വലിഞ്ഞു മുറുകിയ പാടുകളും പൂച്ചയുടെ ജഡത്തിലുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ വെറ്ററിനറി ഓഫീസര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
പൂച്ചയെ കെട്ടിവലിച്ചുവെന്ന ആരോപണമടക്കം നാദിര്‍ഷാ ഉന്നയിച്ചിരുന്നു. ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാല്‍ കൊന്നുകളഞ്ഞുവെന്ന് പറഞ്ഞ് നാദിർഷ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെയുള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവെച്ചിരുന്നു.
സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കിയിരുന്നു. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്ബ് സെഡേഷൻ കൊടുക്കാറുണ്ട്. ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലില്‍ പോയത്. സെഡേഷൻ നല്‍കിയതിനിടിയില്‍ പൂച്ച ചത്തുവെന്ന് അറിയിച്ചു. ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു. എന്നാല്‍, നാദിര്‍ഷായുടെ ആരോപണം പെറ്റ്ഹോസ്പിറ്റല്‍ അധികൃതര്‍ തള്ളിയിരുന്നു.

Post a Comment

Previous Post Next Post