നിലമ്പൂർ ഇന്ന് വിധിയെഴുതും; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍


മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. വേട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെ‌ടുപ്പ് കമ്മീഷൻ അറിയിച്ചു.രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വേട്ടെടുപ്പ്.

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചത്. 7787 പുതിയ വോട്ടർമാർ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

ഇതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്സും ഉള്‍പ്പെടും. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്ബൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ 2,700 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അൻവർ വിജയിച്ചത്.

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എല്‍ഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), സാദിഖ് നടുത്തൊടി(എസ്ഡിപിഐ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികള്‍. പി.വി.അൻവർ തുടങ്ങിയ സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 23 നാണ് വോട്ടെണ്ണല്‍.

Post a Comment

Previous Post Next Post