കണ്ണൂര്‍: കായലോട്ട് സദാചാര ഗുണ്ടായിസന്‍റെ പേരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
ഇയാളുടെ വിശദമായ മൊഴിയെടുക്കും.
കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരേ പരാമര്‍ശമില്ല. റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിരുന്നു.
സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്ബോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് റസീനയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. യുവതിയുടെയും സുഹൃത്തിന്‍റെയും കൈയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ ഒരാള്‍ റസീനയുടെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവർ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്ബായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്‍റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
Post a Comment