തമിഴ്നാട്ടിൽ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പാതി ഭക്ഷിച്ച നിലയില്‍


വാല്‍പ്പാറ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍നിന്ന് 300 മീറ്റർ അകലെ കണ്ടത്തിയ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നാലോടെയാണ് സംഭവം. തോട്ടംതൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റോഷ്നിയെയാണ് വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചത്.

അമ്മ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന സമയത്ത് തേയില തോട്ടത്തില്‍നിന്ന് ചാടിവീണ പുലി കുട്ടിയെ പിടിക്കുകയായിരുന്നു. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു മറ്റു തൊഴിലാളികളാണ് കണ്ടത്.

തോട്ടം തൊഴിലാളികള്‍ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി രക്ഷപ്പെടുകയായിരുന്നു. പോലീസും, വനംവകുപ്പ് അധികൃതരും, നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

ഇതിന് മുന്പും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്.

Post a Comment

Previous Post Next Post