ഓണ്‍ലൈൻ ഇടപാട്: കണ്ണൂര്‍ ജില്ലയിലെ ഏഴുപേര്‍ക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ

കണ്ണൂർ: ഓണ്‍ലൈൻ ഇടപാടിലൂടെ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ. ഇതില്‍ മൂന്നുപേർ കണ്ണൂർ ടൗണ്‍ സ്വദേശികളാണ്.
യൂട്യൂബ് വീഡിയോ കണ്ട് വാട്സാപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ താണ സ്വദേശിനിക്ക് നഷ്ടമായത് 33,07,254 രൂപ.ചക്കരക്കല്‍, തലശ്ശേരി സ്വദേശിനികളില്‍നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യഥാക്രമം തട്ടിയത് 53,000, 44,850 രൂപ. വാട്സാപ്പില്‍ ആധാർ അപ്‌ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കണ്ണൂർ ടൗണ്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത് 39,000 രൂപ. മറ്റൊരു കണ്ണൂർ ടൗണ്‍ സ്വദേശിക്ക് നഷ്ടമായത് 22,457 രൂപയാണ്.
കേരള പോലീസില്‍നിന്നെന്ന വ്യാജേന വാട്സാപ്പില്‍ വാഹനത്തിന് ചലാനുണ്ടെന്ന് പറഞ്ഞ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ നല്കിയപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ മറ്റൊരു കണ്ണൂർ ടൗണ്‍ സ്വദേശിക്ക് 9,898 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ കണ്ണവം സ്വദേശിക്ക് 17,499 രൂപയാണ് നഷ്ടമായത്.
ഇൻസ്റ്റഗ്രാമില്‍ പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് പണം നല്‍കിയ ന്യൂമാഹി സ്വദേശിനിക്ക് 12,700 രൂപ നഷ്ടപ്പെട്ടു.

Post a Comment

Previous Post Next Post