ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും


ഡല്‍ഹി: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാത്രി എട്ട് മണിക്കായിരിക്കും മോദി ജനങ്ങളോട് സംസാരിക്കുക. ഇന്ത്യ- പാക്‌ സംഘർഷത്തിന് പിന്നാലെ ഇതാദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പഹല്‍ഗാമിലെ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തല്‍ തുടങ്ങിയവയെക്കുറിച്ച്‌ മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ- പാക്‌ വെടിനിർത്തല്‍ പ്രഖ്യാപിച്ച്‌ രണ്ടു ദിവസത്തിന് ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേർന്നിരുന്നു.

Post a Comment

Previous Post Next Post