ആലക്കോട് കുവൈറ്റിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന നടുവില്‍ സ്വദേശി സൂരജും ഭാര്യ ബിൻസിയും ആകസ്മികമായി മരണപ്പെട്ട വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി.
ഈ ദാരുണ സംഭവത്തോടെ ഇവരുടെ രണ്ട് കുട്ടികള്‍ അനാഥരായി. ആലക്കോട് നടുവിലെ സൂരജിൻ്റെയും എറണാകുളം സ്വദേശിനി ബിൻസിയുടെയും മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുവരും തമ്മില്‍ യാതൊരുവിധ കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, ഓസ്ട്രേലിയയിലേക്ക് പുതിയ ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സൂരജും ബിൻസിയും വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. അവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. സാമ്ബത്തികമായി ഇരുവർക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. കുട്ടികളെയും കൂട്ടി ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും സൂരജിൻ്റെ ഒരു ബന്ധു കൂട്ടിച്ചേർത്തു.
സംഭവം കൊലപാതകമാണെന്നുള്ള പ്രാഥമിക സൂചനകളല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരും സാധാരണ പോലെ സംസാരിച്ചതാണ്, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവധി കഴിഞ്ഞ് സന്തോഷത്തോടെയാണ് ഇരുവരും കുവൈറ്റിലേക്ക് മടങ്ങിയത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈറ്റിലെ മലയാളി നഴ്സ് ദമ്ബതികളുടെ മരണവിവരം പുറംലോകം അറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
കുവൈത്ത് പോലീസിൻ്റെ റിപ്പോർട്ട് പ്രകാരം, അയല്‍ക്കാർ സംശയം തോന്നി ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫർവാനിയ പോലീസ് സ്ഥലത്തെത്തി. വാതില്‍ തുറക്കാത്തതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി വാതില്‍ തകർത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. ഹാളില്‍ കഴുത്തറത്ത നിലയില്‍ ബിൻസിയുടെ മൃതദേഹവും, തുടർന്ന് നടത്തിയ പരിശോധനയില്‍ സൂരജിൻ്റെ മൃതദേഹവും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
Post a Comment