പത്താം ക്ലാസില്‍ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും


രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും പുതിയ അധ്യയന വർഷം (ജൂണ്‍ 2) മുതല്‍ അവസരം ലഭിക്കും.
പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്ബ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്‌ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്.കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസില്‍ മുഴുവൻ കുട്ടികള്‍ക്കും നിർമ്മിത ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തില്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉള്‍ക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികള്‍ക്കും ഈ വർഷം റോബോട്ടിക്‌സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.
സ്‌കൂളുകള്‍ക്ക് നല്‍കിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്ബർ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന ഉപകരണം തയ്യാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികള്‍ക്കുള്ള ആദ്യ പ്രവർത്തനം.
തുടർന്ന് എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികള്‍ തയ്യാറാക്കുന്നു. ഇതിനായി പിക്ടോ ബ്ലോക്‌സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിംഗ് ഐഡിഇയുടെ സഹായത്തോടെ 'ഫേസ് ഡിറ്റക്ഷൻ ബില്‍ട്ട് -ഇൻ-മോഡല്‍' ഉപയോഗിച്ച്‌ മുഖം കണ്ടെത്താനും സ്‌കൂളുകള്‍ക്ക് കൈറ്റ് നല്‍കിയ ലാപ്‌ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതില്‍ തുറക്കാനും കുട്ടികള്‍ പരിശീലിക്കുന്നു. സമാനമായ നിരവധി പ്രായോഗിക പ്രശ്‌നങ്ങളെ നൂതന സംവിധാനങ്ങളാല്‍ പരിഹരിക്കാൻ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്‌സ് പഠനരീതി കൈറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഐ.സി.ടി. പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കും.

Post a Comment

Previous Post Next Post