ബംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ അദ്ദൂർ കോല്‍ത്തമജലുവിനടുത്ത് ചൊവ്വാഴ്ച പട്ടാപ്പകല്‍ നടന്ന അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു.കോള്ത്തമജലു ബെള്ളൂർ സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകൻ അബ്ദുല്‍റഹ്മാനാണ് (38) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇംതിയാസിന് പരിക്കേറ്റു.
കോല്‍ത്തമജലുവില്‍ പിക്ക്-അപ്പ് വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ഇരുവരെയും വാള് ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ ഉടൻ അക്രമികള്‍ സ്ഥലംവിട്ടു. ഗുരുതരമായി പരിക്കേറ്റ അബ്ദു റഹ്മാനെ ദേർളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അക്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പോലീസ് സൂപ്രണ്ട് എൻ.യതീഷ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദേർളക്കട്ട ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബണ്ട്വാള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.പി. വ്യക്തമാക്കി.
ആശുപത്രി പരിസരത്ത് സംഘർഷം
അക്രമത്തില്‍ കൊല്ലപ്പെട്ട അബ്ദുല്റഹ്മാനെയും പരിക്കേറ്റ ഇംതിയാസിനെയും പ്രവേശിപ്പിച്ച ദേർളക്കട്ടയിലെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രത്യേക സമുദായത്തില്‍പ്പെട്ടവർ പ്രാദേശിക നേതാക്കളെ വളഞ്ഞ്, ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Post a Comment