കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു


കനത്ത മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. സര്‍ജാപുര്‍ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആര്‍ ആര്‍ നഗര്‍ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു. ശിവാനന്ദ സര്‍ക്കിളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്. കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി – കെകെആര്‍ മത്സരം റദ്ദാക്കി.
നിരവധി പേര്‍ മെട്രോയെ ആശ്രയിച്ച്‌ വീട്ടിലെത്താന്‍ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളില്‍ വന്‍ തിരക്കിന് വഴി വെച്ചു. എംജി റോഡും കബ്ബണ്‍ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകളാണ് റോഡില്‍ കിടക്കേണ്ടി വന്നത്. നഗരത്തില്‍ അടുത്ത രണ്ട് ദിവസം യെല്ലോ അലര്‍ട്ടാണ് പ്രവചിച്ചിട്ടുള്ളത്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.കാലവര്‍ഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളുരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നത്.
സക്ര ഹോസ്പിറ്റല്‍ റോഡിലെ പണികള്‍ പൂര്‍ത്തിയാകാത്ത് ഇവിടെയും ആളുകളെ ബുദ്ധിമുട്ടിലാക്കി. വൈകുന്നേരം ആറുമണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തില്‍ പലയിടങ്ങളില്‍ വീണത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം മരങ്ങള്‍ വീണിട്ടുള്ളത്. മെയ് 21 വരെ ശക്തമായ മഴ ബെംഗളൂരുവില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post