കണ്ണൂരില്‍ പേമാരി പിടി മുറുക്കി; പലയിടങ്ങളിലും മഴക്കെടുതി രൂക്ഷം, താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി

കണ്ണൂർ: സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. തിങ്കളാഴ്ച്ചരാത്രി മുതല്‍ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.മഴക്കെടുതികളും റിപ്പോർട്ട് ചെയ്‌തു. കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴെ ചൊവ്വയില്‍ താഴ്‌ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. പിലാത്തറയില്‍ ദേശീയപാത സർവീസ് റോഡില്‍ വെള്ളം കയറി.
പാപ്പിനശേരിയിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.കനത്തമഴ തുടർന്നതോടെ തലശേരി റെയില്‍വേ സ്റ്റേഷൻ റോഡിലും സമീപത്തെ കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. തളിപ്പറമ്ബ് കുപ്പത്ത് ദേശീയ പാത നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്ന പരിസരത്ത് വീടുകളിലേക്ക് വെള്ളം കയറി. വീടുകളില്‍ ചെളി കയറിയതായും റിപ്പോർട്ടുണ്ട്.
മട്ടന്നൂരിലെ ഉരുവച്ചാലില്‍ ഇടിമിന്നലേറ്റ് വീടിന് വ്യാപകമായി നാശനഷ്ടം സംഭവിച്ചു. പാവോട്ടുപാറയിലെ കൃഷ്‌ണമുരളിയുടെ വീടിനാണ് ഇടിമിന്നലേറ്റ് വിള്ളലുണ്ടായത്. വയറിങ്ങും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. കോഴിക്കോട് വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ആളപായമില്ല.

Post a Comment

Previous Post Next Post