കണ്ണൂർ: കണ്ണൂരില്‍ ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്ബ് കുപ്പത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകളില്‍ വെള്ളവും ചെളിയും കയറി.വീടുകളുടെ അടുക്കളയില്‍ അടക്കം ചെളി നിറഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശങ്ങള്‍ പലതും അപകട ഭീഷണിയിലാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയില്‍ ജനജീവിതം ദുരിതത്തില്‍ ആയി.
അശാസ്ത്രീയമായ ദേശീയപതാ നിർമ്മാണമാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകട ഭീഷണി നേരിടുന്ന ഒരു വീട്ടില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കലക്ടർക്ക് വിശദമായ റിപ്പോർട്ട് നല്‍കിയതായും ദേശീയപാത അധികൃതരുമായി കളക്ടർ ഇന്ന് ചർച്ച നടത്തുമെന്നും തഹസില്‍ദാർ വ്യക്തമാക്കി.
ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മഴക്കെടുതി തുടരുകയാണ്. മതില്‍ ഇടിഞ്ഞുവീണ് വീടുകള്‍ക്ക് ഭാഗികമായി കേടു പറ്റി. കണ്ണൂർ കുറുവയിലാണ് മതില്‍ ഇടിഞ്ഞ് വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുള്ളത്.
കണ്ണൂർ ശ്രീകണ്ഠപുരത്ത് വീടിന് മുകളില്‍ മരം വീണു. കനത്ത് മഴയില്‍ കൊയ്യം പാറക്കാടിയിലെ മണികണ്ഠന്റെ വീടിന്റെ മേല്‍ക്കൂര തകർന്നു വീണു.
മട്ടന്നൂരില്‍ വീടിന് ഇടിമിന്നലേറ്റു. ബാവോട്ട്പാറയിലെ കൃഷ്ണ മുരളിയുടെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തളിപ്പറമ്ബ് ഇരിട്ടി താലൂക്കുകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
Post a Comment