കപ്പല്‍ അപകടം: എല്ലാ ജീവനക്കാരും സുരക്ഷിതര്‍; ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലില്‍ തുടരുന്നു


കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ്.24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

21 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലില്‍ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

കപ്പലിന്‍റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്.

ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലില്‍ തുടരുന്നത്. ചില കണ്ടെയ്നറുകള്‍ കടലില്‍ വീണ സാഹചര്യമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ചരക്കു കപ്പലിന്‍റെ ഒരുവശം ചെരിഞ്ഞതിനെത്തുടർന്നാണ് ഒമ്ബത് കണ്ടെയ്നനറുകള്‍ കടലില്‍ വീണത്.

അപകടത്തെത്തുടർന്ന് കടലില്‍ മറൈൻ ഗ്യാസ് ഓയില്‍ പടരാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകള്‍ തീരത്തേക്ക് ഒഴുകിയെത്തിയാല്‍ അടുത്തേക്ക് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ തീരദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി. കണ്ടെയ്‌നറുകകള്‍ തീരത്തടിഞ്ഞാല്‍ സ്‌പർശിക്കരുതെന്നും വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്.

വിഴിഞ്ഞത്തുനിന്ന് നാനൂറോളം കണ്ടെയ്നറുകളുമായി പുറപ്പെട്ട എംഎസ്‍സി എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സ്വിറ്റ്സർലൻണ്ടില്‍ രജിസ്റ്റർ ചെയ്ത ലൈബീരിയൻ പതാകവഹിക്കുന്ന ഫീഡർ വിഭാഗത്തിലുളള കപ്പലാണിത്. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post