രണ്ടേമുക്കാല്‍ ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി;കണ്ണൂർ ജില്ലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ അളവ് നിരോധിത സാധനങ്ങൾ പിടിച്ചത്


തളിപ്പറമ്പ്: മുഹമ്മദ് സിനാന്റെ ഉടമസ്ഥതയില്‍ ഉള്ള ഹൈപാക്ക് എന്ന സ്ഥാപനത്തിന്റെ ഗോഡൗണായി പ്രവർത്തിച്ചു വരുന്ന അള്ളാംകുളത്തെ വീട്ടില്‍ നിന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 8 ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ടേമുക്കാല്‍ ടണ്‍ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.10000 രൂപ പിഴ ചുമത്തുകയും ചെയ്തു. കണ്ണൂർ ജില്ലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ അളവ് നിരോധിത സാധനങ്ങള്‍ ഒരു സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കളില്‍ രണ്ട് ടണ്ണിലേറെ വിവിധ നിറത്തിലുള്ള ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഉള്ളത്.
സി.പാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്താണ് ഗോഡൗണ്‍ നടത്തി വന്നിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് സ്ട്രോ, പേപ്പർ കപ്പ്, ഡിസ്പോസബിള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂണ്‍, തെർമോക്കോള്‍ പ്ലേറ്റ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ചക്കരക്കല്ലില്‍ വച്ച്‌ സ്ഥാപനത്തിന്റെ വാഹനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി.അഷ്‌റഫ്‌, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ ദിബില്‍, തളിപ്പറമ്ബ് നഗരസഭ പബ്ലിക് ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർമാരായ കെ.പി.പ്രീഷ, പി.ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post