തിരുവനന്തപുരം: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിനു പിന്നാലെ മുൻമന്ത്രി ജി.സുധാകരനെതിരേ കേസെടുക്കാൻ നിർദേശം. അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് നിർദേശിച്ചത്. എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനർ നിർദേശിച്ചു.
എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്‍റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മിഷൻ കേസുമായി വന്നാലും പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
1989 ല്‍ കെ.വി. ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. താനായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങള്‍ക്ക് ലഭിച്ച ബാലറ്റുകള്‍ ഞങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
ഒട്ടിച്ചു തന്നാല്‍ അറിയില്ലെന്ന് കരുതേണ്ടെന്നും ഞങ്ങളത് പൊട്ടിച്ച് തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായും പാർട്ടിക്ക് ലഭിക്കാറില്ല. 36 വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് സുധാകരന്‍റെ വെളിപ്പെടുത്തല്‍. സുധാകരന്‍റെ വെളിപ്പെടുത്തല്‍ നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
Post a Comment