ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ജൂണ്‍ രണ്ടാം തീയ്യതി സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.പേരൂർക്കട ഗവ. എച്ച്‌.എസ്.എല്‍.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങള്‍, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങള്‍ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. ഒന്നാം ക്ലാസ്സില്‍ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകള്‍ 2016ല്‍ സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപയാണ് സ്കൂള്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കുട്ടികള്‍ മിടുക്കരായി പഠിച്ച്‌ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നു.

Post a Comment

Previous Post Next Post